Powered By Blogger

Tuesday, January 20, 2026

വൈറ്റ് ടീഷർട്ട് പ്രസ്ഥാനം

#വൈറ്റ് #ടീഷർട്ട് #പ്രസ്ഥാനം
രണ്ടുവർഷം മുമ്പ് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ വൈറ്റ് ടി-ഷർട്ട് പ്രസ്ഥാനം, പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ഒരു “വൈറ്റ് വൈരുദ്ധ്യം” ആയി മാറിയിരുന്നു. 41,000 രൂപ വിലയുള്ള ബർബെറി ടി-ഷർട്ട് ധരിച്ച് ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും  ജോഡോ യാത്ര നടത്തി സാമ്പത്തിക അസമത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് പ്രഖ്യാപിക്കുമ്പോൾ, ആ വാചകത്തിനൊപ്പം ഒരു ചെറു ചിരി സ്വാഭാവികമായി വിടർന്നിരുന്നു.

ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ മാസശമ്പളത്തേക്കാൾ വിലയുള്ള വസ്ത്രം ധരിച്ച് അസമത്വത്തിനെതിരെ പോരാടുന്ന നേതാവിൻ്റെ പ്രകടനം ഗംഭീരമെന്നു പലരും വാഴ്ത്തി, പക്ഷേ പ്രസ്ഥാനം ക്ലച്ച് പിടിക്കാതെ പോയി. ആഗോള അസ്ഥിരതയ്ക്ക് ധനസഹായം ചെയ്യുന്ന കോടീശ്വരന്മാരുടെ കൂട്ടുകാരനായി നിന്ന് അഹിംസയും ഐക്യവും ഉപദേശിക്കുമ്പോൾ, സന്ദേശത്തേക്കാൾ ശ്രദ്ധ പിടിച്ചെടുത്തത് ടാഗിൽ തൂങ്ങിയിരുന്ന ബ്രാൻഡ് നാമം തന്നെയായിരുന്നു.

സാമ്പത്തിക അസമത്വം യഥാർത്ഥ വില്ലനാണെങ്കിൽ, എന്തുകൊണ്ടാണ് ആ വില്ലനെ നേരിടാൻ കുറച്ചുപേർക്കു മാത്രം വാങ്ങാൻ കഴിയുന്ന ടി-ഷർട്ട് യൂണിഫോമായി തെരഞ്ഞെടുത്തതെന്ന് ഇന്നും അജ്ഞാതമാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി കാൻഡിഡേറ്റായി കേരളത്തിൽ കേൾക്കുന്ന കെ.സി. വേണുഗോപാൽ പോലും ആ ടി-ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെടാത്തത് ഈ “വൈറ്റ് വിപ്ലവത്തിന്റെ” നിറം അല്പം മങ്ങിയതാക്കി. 

സാധാരണക്കാരെ വിലകുറഞ്ഞ വസ്ത്രങ്ങളിൽ മാർച്ച് ചെയ്യാൻ വിടാതെ, എല്ലാവർക്കും ബർബെറി ടി-ഷർട്ട് ഏർപ്പാടാക്കിയിരുന്നെങ്കിൽ പ്രസ്ഥാനത്തിന് കുറഞ്ഞത് ഫാഷൻ ലോകത്തെങ്കിലും വലിയ റീച്ച് കിട്ടിയേനേ. പക്ഷേ രാഹുലിന് വിശ്വാസമുള്ളത് കെ.സി. വേണുഗോപാൽ എന്ന ഒരാൾ മാത്രമാണെങ്കിൽ, അദ്ദേഹത്തിന്റെ ടി-ഷർട്ട് പ്രസ്ഥാനവും വേണുഗോപാലിന്റെ മുഖ്യമന്ത്രി കസേരയും ഒരേപോലെ ആവിയായി പോകാനാണ് സാധ്യത 

വലിയ പ്രതീക്ഷയുമായി നടന്നിരുന്ന വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, സണ്ണി ജോസഫ്, ശശി തരൂർ എന്നിവയുടെ കാര്യമാണ് കഷ്ടം.  ഇവരെല്ലാം മുന്നിലൂടെ തലങ്ങും വിലങ്ങും ജാഡോ കളിച്ചിട്ടു പോലും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കഴിഞ്ഞ ഒരു യോഗത്തിൽ രാഹുൽ ഗാന്ധി കാണിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ കുതിപ്പ് കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള ടി-ഷർട്ട് പ്രസ്ഥാന നായകൻ്റെ പെരുമാറ്റത്തിൽ അപ്രത്യക്ഷമാകുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
— കെ. എ. സോളമൻ

No comments:

About Me

My photo
Alappuzha, Kerala, India
Powered By Blogger

Blog Archive